Vikas Logo
വികാസ്കലാസാംസ്കാരിക സമിതി
OUR HISTORY

ചരിത്രം

ഭരണിക്കാവുനിടുത്തുള്ള പുരയിടത്തിനോട് ചേർന്നു വഴിവക്കിലെ മണൽക്കൂന. സൂര്യനു താഴെയുള്ള സകല വിഷയങ്ങളെക്കുറിച്ചും ചർച്ചയിലാണ് എല്ലാവരും. പരദൂഷണത്തിന്റെ അടക്കം പറച്ചിലുകൾ ഇടയ്ക്കു കേൾക്കാം. 39 വർഷത്തിനു മുമ്പ് കാണാവുന്ന സ്ഥിരം കാഴ്ച. അങ്ങനെയുള്ള സന്ധ്യകളിലൊന്നിൽ ഒരു ജീപ്പ് ഇവരുടെ മുന്നിൽ ബ്രേക്കിടുന്നു. വെടിപറച്ചിലിനിടയിൽ ഉയർന്ന ചിരി അവസാനിച്ചിരുന്നില്ല. കാക്കിയുടെ നിറം അര വെളിച്ചത്തിൽ തെളിയുമ്പോഴേക്കും ചെറുപ്പക്കാരുടെ സംഘം നാലുപാടും പായുന്നു. ഉരിഞ്ഞ മുണ്ട് വാരിപ്പിടിച്ചാണ് ഓട്ടം. നിമിഷങ്ങൾക്കകം കാക്കികൾ ജീപ്പിൽ കയറി - പുറത്ത് കാണാത്ത ചിരിയുമായി. ചിതറിപ്പോയവർ തിരിച്ചെത്തി. ഒന്നും പറയാതെ പലവഴിക്കായി പിരിഞ്ഞു. അടുത്ത സന്ധ്യകളിൽ ഗൗരവമായ ഒരു പുതിയ വിഷയം അജണ്ടയായി. ഒത്തുകൂടാൻ ഒരു സങ്കേതം. ഒരു സാംസ്കാരിക സംഘടനയ്ക്കു രൂപമായി. സംഘടനയുടെ ആയുസ്സ് ചരിത്രങ്ങൾ ആശങ്കയായി. തകയുടെ ആയുസ്സെങ്കിൽ അങ്ങനെ. എല്ലാവരെയും കണ്ട് കാര്യങ്ങൾ അവതരിപ്പിച്ചു. ആശയം ആവേശമായി. സംഘടനയ്ക്ക് വികാസ് എന്നു പേരു നിർദ്ദേശിച്ചു.

സൗഹൃദം, ഐക്യം, പുരോഗതി അടിസ്ഥാനപ്രമാണമായി യശശരീരനായ ആർട്ടിസ്റ്റ് ജോസ് (കരിത്തുറ) തയ്യാറാക്കിയ മുദ്രയിൽ ഇവ സ്ഥാനവും പിടിച്ചു. നെടിയേഴത്തു പടിഞ്ഞാറ്റതിൽ വീട് (ഇന്നതില്ല) തൽക്കാലത്തേക്ക് ലഭിച്ചു. ഏനോക്സാർ (തെക്കുംഭാഗം) തിരി കൊളുത്തി 1984 ജനുവരി 26 രാവിലെ 9.30ന് വികാസിന്റെ പ്രകാശം ഈ നാടിനു നൽകി. വികാസിനു ആദ്യനാളുകളിൽ വാടകവീടുകളായിരുന്നു അഭയം. കുടിയിറക്കുകളുടെ പരമ്പര തന്നെയുണ്ടായി. ചർച്ചകളും കൂടിച്ചേരലും സൊറ പറച്ചിലുമായി പോയിരുന്ന സാധാരണ രീതിക്കു പെട്ടെന്നു ഗൗരവം വന്നു.

ഒത്തുകൂടാൻ ഒരിടം. സ്വന്തമായി ഒരു കൂര. അടുത്ത തലമുറയ്ക്കു കൈമാറാൻ ഒരു സ്ഥാപനം. ആദ്യം സ്വന്തമായി നാലു സെന്റ് ഭൂമി. എത്ര കഷ്ടപ്പെടാനും തയ്യാർ. ഒരു നാടകം നടത്തി ഫണ്ട് ശേഖരിക്കാം. എൻ.എൻ.പിള്ളയുടെ കാപാലിക നാടകം ബുക്ക് ചെയ്തു. മണിയൻകുട്ടൻ (കാരാളിൽ), കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി. ഒരു നാടകം നടത്തി എന്നതല്ല - വികാസിന്റെ സംഘബോധവും ചിട്ടയും കൂട്ടായ്മയും പരസ്പര വിശ്വാസവും - അരക്കിട്ടുറപ്പിച്ച് നാടകത്തിന്റെ സംഘാടനം. ഗ്രൂപ്പുകളായി വികാസംഗങ്ങൾ ചവറയുടെ വിവിധ ഭാഗങ്ങളിൽ ടിക്കറ്റു വിറ്റു. കെ.സി തിയേറ്ററിലാണ് നാടകം. പണം തരാത്ത ആർക്കും പ്രവേശനം അനുവദിച്ചില്ല. (നാടകം ആവേശമായിരുന്ന കാലഘട്ടം). ഒറ്റത്തോളിൽ 24 മുളയുമായി വന്ന എൻ.രവീന്ദ്രനും പൊടിഞ്ഞുപോയ ലോഹയ്ക്കു പകരം നിമിഷങ്ങൾക്കകം പുതിയ ലോഹ നൽകിയതും സാക്ഷാൽ എൻ.എൻ പിള്ള പോലും മൂക്കത്തു വിരൽവച്ചു.

നാടകത്തിൽ നിന്നു ലഭിച്ച 12000 രൂപയ്ക്ക് നാലു സെന്റ് ഭൂമി വാങ്ങി. രഹസ്യമായാണ് ഭൂമി വാങ്ങിയത്. കൂടുതൽ വില കൊടുത്തു വാങ്ങാൻ പലരും ഉണ്ടായിരുന്നു. (വർഗീസ് യേശുദാസൻ സാറാണ് ഇടനില നിന്ന് സഹായിച്ചത്). വയലും കുഴിയുമായ സ്ഥലം, കിണർ കുഴിച്ച് മിച്ചം വന്ന മണ്ണ് വീടുകളിൽ നിന്നും ചുമന്നിട്ട് നിരപ്പുള്ള ഭൂമിയാക്കി. ഇനി ഒരു കൂര. ചെറിയ മരങ്ങൾ വാങ്ങി പലകയാക്കി തുണ്ടാക്കി മേൽക്കൂരയാക്കി ഓല വെട്ടി മെടഞ്ഞു മേഞ്ഞു. കൂരയായി. ഞെങ്ങിഞെരുങ്ങിയിരുന്നു സ്വപ്നങ്ങൾ വിതറി. സേവനത്തിന്റെയും സംസ്കാരത്തിന്റെയും നിരവധി മിന്നാമിനുങ്ങുകൾ നാട്ടിൽ വെളിച്ചം വിതറി. കൂരയുടെ ഉദ്ഘാടനം വികാസംഗം എൻ.രവീന്ദ്രനാണ് നിർവ്വഹിച്ചത്. ഞങ്ങൾക്കൊരു കൂര എന്ന പേരിറക്കിയ നോട്ടീസിലെ വാചകങ്ങൾ ഹനീഫ കാണാപാഠമാക്കി. ഹനീഫയ്ക്കു വികാസ് അംഗത്വം നൽകിയത് നോട്ടീസിലെ ഉള്ളടക്കം കാണാതെ കവിത പോലെ പറയുന്ന ശൈലിക്ക് പകരമായിട്ടായിരുന്നു. (വികാസ് അംഗത്വം ലഭിക്കാൻ ആറുമാസം പ്രൊബേഷനായിരുന്നു, മനസ്സിന്റെ നന്മയറിയാൻ).

ഒന്നാം വാർഷികമായി പ്രശസ്തരായ എഴുത്തുകാർ മതി - സവിശേഷമായ തീരുമാനം. വൈക്കം ചന്ദ്രശേഖരൻ നായരെത്തി. വശീകരിക്കുന്ന പ്രസംഗശൈലി, കേൾക്കാൻ കൊതിക്കുന്ന വാക്കുകളും ശബ്ദവും ആകാരഭംഗിയും ഒക്കെ ചേർന്ന് ആകർഷകത്വം. പ്രദേശത്തെ ജനങ്ങൾ സാകൂതം വൈക്കത്തെ കേട്ടു. വികാസിനെ കൂടി വിലയിരുത്തിയ പ്രസംഗത്തിന്റെ ഒരു ഘട്ടത്തിൽ വൈക്കം അഭ്യർത്ഥിച്ചു. വികാസ് പ്രവർത്തകർ ഇനി വർഷത്തിലൊരിക്കൽ പുര നിറഞ്ഞ നിൽക്കുന്ന ഒരു പെൺകുട്ടിയെ വീതം വിവാഹം കഴിപ്പിച്ചയയ്ക്കണം, ഏഴു മക്കളുടെ പിതാവിന്റെ അഭ്യർത്ഥനയാണിത് - വൈക്കമല്ലേ. ജനം ആവേശത്തോടെ കൈയടിച്ചു. വികാസ് കടമ ഏറ്റെടുത്തു. തൊട്ടടുത്ത വർഷം ഒരു പെൺകുട്ടിയുടെ വിവാഹം നടത്തി. ത്യാഗപൂർണ്ണമായ പ്രവർത്തനം. മിക്ക വർഷങ്ങളിലും വിവാഹം 18 പെൺകുട്ടികൾ സുമംഗലികളായി. വിവാഹത്തിന് അർഹരായ പെൺകുട്ടിയെ തിരഞ്ഞെടുക്കുന്ന രീതിയും മാനദണ്ഡങ്ങളുടെ സുതാര്യതയും പരക്കെ അംഗീകരിക്കുന്നതായിരുന്നു. പ്രഹസനവും പരസ്യപ്പെടുത്തലും പ്രദർശിപ്പിക്കലും ഇല്ലാതെ നടത്തിയ മാതൃക വേറിട്ടു നിൽക്കുന്നു.

വികാസിന്റെ പ്രശസ്തിക്കു പിന്നിലെ ഒരു ഘടകം വിവാഹങ്ങൾ തന്നെയായിരിക്കാം. ഇതോടൊപ്പം സ്ഥിരമായി മെഡിക്കൽ ക്യാമ്പുകൾ, ചർച്ചകൾ, സിമ്പോസിയങ്ങൾ, നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടന്നു വരുന്നു. എല്ലാ വാർഷിക സമ്മേളനങ്ങളിലും എഴുത്തുകാർ മാത്രം പങ്കെടുത്തു. ആദ്യത്തെ അഞ്ച് വർഷങ്ങൾക്കുള്ളിൽ പ്രൊഫ. എൻ. കൃഷ്ണൻനായർ, വൈക്കം, തിരുനല്ലൂർ, തോപ്പിൽഭാസി, എ.പി. കളയ്ക്കാട്, കാക്കനാടൻ, കുരീപ്പുഴ ശ്രീകുമാർ തുടങ്ങിയവരൊക്കെ എത്തി. അഞ്ചു വർഷം കഴിയുമ്പോൾ കൂര മാറാൻ മോഹമായി. ഉറപ്പുള്ള ഒരു കെട്ടിടം. ചർച്ചയുടെ സമയം പല അർദ്ധരാത്രികളും യാമങ്ങളും നീണ്ടു. പണമില്ല, ദാരിദ്ര്യം - ശരിയായ അർത്ഥത്തിൽ നാട്ടിലുണ്ടായിരുന്ന കാലം. മനുഷ്യരുണ്ടിവിടെ, ഇച്ഛാശക്തിയും. നമുക്കിറങ്ങാം. വൈക്കം കല്ലിട്ടു. പിന്നെയങ്ങ് തുടങ്ങി. വികാസംഗം ഷാജഹാൻ (ഷാജി) എഞ്ചിനീയറുമായി. സ്ഥാനം കണ്ടു, വാനന്തോണ്ടി. ദീർഘവീക്ഷണമുള്ളവർ വാനത്തിന്റെ നീളം കൂട്ടി. വലിയൊരു ഹാൾ, ഓഫീസുമുറി. പിരിവിന്നിറങ്ങി. ഉൽപ്പന്നപിരിവ്. ഓരോ വീട്ടിൽ നിന്നും തേങ്ങയടർത്തി. തെങ്ങിൽ കയറാനും വണ്ടിയിൽ കയറ്റാനും തള്ളാനും കൂട്ടയിടാനും വികാസ് അംഗങ്ങൾ. തേങ്ങകൾ കൂമ്പാരമായി. വിറ്റു പണമായി. പണി പുരോഗമിച്ചു. കെട്ടിടം വാർത്തു, പിന്നെ മുടങ്ങി. പണമില്ല അനിശ്ചിതത്വം അല്പം നീണ്ടു.

കുറേപ്പേർക്ക് കൂടി സർക്കാർ ജോലിയായി. മാസശമ്പളം കടമായി തരുക. പിന്നീട് തിരിച്ചു തരാം. എല്ലാവരും തന്നു. മണലും സിമന്റും നാട്ടുകാരുടെ മനുഷ്യധ്വാനവും സംഭാവനയായി. കെട്ടിടം പണി തീരുന്നു. എഞ്ചിനീയർക്ക് സന്തോഷം. വികാസ് അംഗങ്ങൾക്കും നാട്ടുകാർക്കും സന്തോഷം. നിർമ്മാണ സാമഗ്രികളും പണവും നൽകിയ ചാലായിൽ സൈമൺ പീറ്ററെയും സ്മരിക്കുന്നു. ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ചു. ഇനി കെട്ടിടത്തിന്റെ ഉദ്ഘാടനം സമുചിതമാവണം. മന്ത്രി വേണ്ട, സാഹിത്യ സാംസ്കാരിക നായകർ മതി. നെട്ടോട്ടമായി. പലരെയും കണ്ടു. സമയക്കുറവ്, ബുദ്ധിമുട്ടാണ് ഒഴിവുകഴിവുകൾ. തിരുനല്ലൂരിനെ കണ്ട് സമ്മതിപ്പിച്ചു. ഉദ്ഘാടനം ഉത്സവഘോഷമായിരുന്നു. കരമന ജനാർദ്ദനൻ നായർ, ചെമ്മനം ചാക്കോ, എൻ.ബി ത്രിവിക്രമൻപിള്ള, എ.കെ അപ്പൂട്ടി തുടങ്ങിയവരും പങ്കെടുത്തു. വികാസ് എന്ന പ്രസ്ഥാനത്തിന് സ്ഥിരമായ ആസ്ഥാനം സഫലമായി. 1991 സെപ്റ്റംബർ 29ന്. വികാസ് പ്രവർത്തിക്കാത്ത മേഖലകളില്ല. സമസ്ത പ്രശ്നങ്ങളിലും ഇടപെട്ടും പ്രതികരിച്ചുമായിരുന്നു പ്രയാണം. എല്ലാം ഓർത്തെടുക്കുക. പ്രയാസം തന്നെ.