ചവറയുടെ
സാംസ്കാരിക മുഖശ്രീ
1984 മുതൽ കല, സാഹിത്യം, ജീവകാരുണ്യം എന്നീ മേഖലകളിൽ തിളങ്ങുന്ന പ്രസ്ഥാനം. നാല് പതിറ്റാണ്ടിന്റെ പൈതൃകത്തിലേക്ക് സ്വാഗതം.

ഞങ്ങളേക്കുറിച്ച്
1984 ജനുവരിയിലാണ് വികാസ് കലാസാംസ്കാരിക സമിതി ചവറ ഭരണിക് കാവിൽ രൂപം കൊണ്ടത്. പതിനാറോളം ചെറുപ്പക്കാരുടെ നീണ്ട കാലത്തെ പരിശ്രമഫലമാണ് ഒരു സാംസ്കാരിക വേദിക്ക് തുടക്കം കുറിച്ചത്. ആ കാലഘട്ടത്തിൽ ചവറയിൽ സാംസ്കാരിക സമിതികൾ കുറവായിരുന്നു. എന്നാൽ 1980 കളുടെ അവസാന ഘട്ടം പുതിയ കലാ- സാംസ്കാരിക സമിതികളും വായനശാലകളും എല്ലാ സ്ഥലങ്ങളിലും മുളച്ചുപൊന്തി. ആദ്യവർഷം മുതൽ വികാസിന്റെ സാംസ്കാരിക സമ്മേളനങ്ങൾ മലയാളത്തിന്റെ പ്രധാനപ്പെട്ട എഴുത്തുകാരെ കൊണ്ട് സമ്പന്നമായി. അതുകൊണ്ട് തന്നെ വികാസ് ജനശ്രദ്ധ നേടി. ഒരു സാഹിത്യകാരനും ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവവും അതോടൊപ്പം അല്പം അമ്പരപ്പുമായിരിക്കും ചവറ വികാസിന്റെ ആതിഥ്യം സ്വീകരിച്ച് ചവറ എന്ന കൊച്ചു ഗ്രാമത്തിൽ എത്തുമ്പോൾ. ഓരോ വീടുകൾക്ക് മുമ്പിലും നിലവിളക്ക് കത്തിച്ചു വെച്ച് എല്ലാ എഴുത്തുകാരെയും എതിരേറ്റ് വേദിയിൽ എത്തിക്കുന്ന അപൂർവ്വതയാർന്ന വരവേല്പും എഴുത്തുകാരനെയും എഴുത്തിനെയും സ്വീകരിക്കുന്ന രീതിയും ഒരുപക്ഷേ ചവറയിൽ മാത്രമാണ് കാണുക. അതോടൊപ്പം വികാസിന്റെ സാഹിത്യ സമ്മേളനങ്ങളിലെ സമ്പന്നമായ ആസ്വാദക സദസ്സും എഴുത്തുകാരെ അമ്പരപ്പിക്കും. സാഹിത്യ, സാംസ്കാരിക രംഗങ്ങളിൽ മാത്രമല്ല സേവന, ആരോഗ്യ, ജീവകാരുണ്യ പ്രവർത്തനങ്ങളിലും മാതൃകാപരവും പ്രയോജനപ്രദവുമായ നിരവധി നേട്ടങ്ങൾ ഉണ്ടാക്കുവാൻ ചവറ വികാസിന് കഴിഞ്ഞു.
മുഴുവൻ വായിക്കുകഅറിയിപ്പുകൾ
വികാസ് കെട്ടിട ഉദ്ഘാടനോത്സവം
നാല് പതിറ്റാണ്ട് താണ്ടിയ ചവറയുടെ സാംസ്കാരിക മുഖശ്രീ, വികാസ് കലാസാംസ്‌കാരിക സമിതിക്ക് പുതിയ കെട്ടിടമൊരുങ്ങി. വികാസിൻ്റെ സന്തോഷത്തിനൊപ്പം കൂട്ടുചേരാൻ എല്ലാവരെയും കെട്ടിട ഉദ്ഘാടനോത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നു
പടവുകൾ 2025: വികാസിന്റെ വിദ്യാഭ്യാസപദ്ധതി
വികാസ് കലാസാംസ്കാരിക സമിതിയുടെ വിദ്യാഭ്യാസ പദ്ധതിയായ 'പടവുകൾ' 2025-2026 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ഈ പദ്ധതിയിലൂടെ നൽകുന്നു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾക്കുമായി വികാസ് ഓഫീസുമായി ബന്ധപ്പെടുക.
നോട്ടീസ് ബോർഡ്

ചരിത്ര നാഴികക്കല്ലുകൾ
സംഘടനയുടെ തുടക്കം
ചവറ, തെക്കുംഭാഗം സ്വദേശിയായ ഏനോക് സാർ ജനുവരി 26-ന് ഭദ്രദീപം തെളിച്ചതോടെ 'വികാസ് കലാ സാംസ്കാരിക സമിതി' ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. സുഹൃത്തുക്കളുടെ ഒരു സായാഹ്ന കൂട്ടായ്മയിൽ നിന്നാണ് സാംസ്കാരിക സംഘടന എന്ന ആശയം ഉടലെടുത്തത്.
ആദ്യ നാടകം
ഫണ്ട് ശേഖരണത്തിനായി എൻ.എൻ. പിള്ളയുടെ 'കാപാലിക' എന്ന നാടകം കെ.സി തിയേറ്ററിൽ വിജയകരമായി അവതരിപ്പിച്ചു.
ആദ്യ വസ്‌തു വാങ്ങൽ
നാടകത്തിൽ നിന്ന് ലഭിച്ച 12,000 രൂപ ഉപയോഗിച്ച് സ്വന്തമായി നാല് സെന്റ് ഭൂമി വാങ്ങി.
ആദ്യ വാർഷികം
ഒന്നാം വാർഷികത്തിൽ പ്രശസ്ത എഴുത്തുകാരൻ വൈക്കം ചന്ദ്രശേഖരൻ നായർ പങ്കെടുത്തു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുന്ന ജീവകാരുണ്യ പ്രവർത്തനം വികാസ് ഏറ്റെടുത്തു.
സ്ഥിരം ആസ്ഥാനം
നാട്ടുകാരുടെ സഹകരണത്തോടെയും അധ്വാനത്തിലൂടെയും നിർമ്മിച്ച വികാസിന്റെ സ്വന്തം കെട്ടിടം തിരുനെല്ലൂർ കരുണാകരൻ ഉദ്ഘാടനം ചെയ്തു.



